Blogger Widgets

'കില്ലിഫിഷ്' ( killifish )

17 ദിവസംകൊണ്ട് വളര്‍ച്ച പൂര്‍ത്തിയാക്കുന്ന മത്സ്യം; ആഫ്രിക്കയില്‍ നിന്നുള്ള കണ്ടെത്തല്‍.
കിഴക്കന്‍ ആഫ്രിക്കയില്‍ കാണപ്പെടുന്ന ഒരിനം മത്സ്യമാണ് അറിയപ്പെടുന്നതില്‍ ഏറ്റവും വേഗത്തില്‍ വളര്‍ച്ച പൂര്‍ത്തിയാക്കുന്ന നട്ടെല്ലിയെന്ന് ഗവേഷകര്‍ സ്ഥിരീകരിച്ചു. വര്‍ഷത്തിലൊരിക്കല്‍ മാത്രം പ്രത്യക്ഷപ്പെടുന്ന താത്ക്കാലിക നീര്‍ക്കുഴികളില്‍ വളരുന്ന ഒരിനം വര്‍ണ്ണമത്സ്യം 17 ദിവസംകൊണ്ടാണ് വളര്‍ച്ച പൂര്‍ത്തിയാക്കി മുട്ടയിടുന്നത്.

'കില്ലിഫിഷ്' ( killifish )
വിഭാഗത്തില്‍ പെടുന്ന മത്സ്യങ്ങളാണ് വേഗം വളര്‍ച്ച പൂര്‍ത്തിയാക്കുന്നത്. അവയുടെ ജീവിതം വേഗത്തില്‍ അവസാനിക്കുകയും ചെയ്യുന്നു. 'ഇവൊഡേവൊ' ( EvoDevo ) ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനറിപ്പോര്‍ട്ട് പ്രത്യക്ഷപ്പെട്ടത്.

ചെക് റിപ്പബ്ലിക്കില്‍ അക്കാദമി ഓഫ് സയന്‍സസിന് കീഴിലുള്ള വെര്‍ട്രബ്രേറ്റ് ബയോളജി ഇന്‍സ്റ്റിട്ട്യൂട്ടിലെ റാഡിം ബ്ലസാകും സഹപ്രവര്‍ത്തകരും, കിഴക്കന്‍ ആഫ്രിക്കയില്‍ മൊസാംബിക്കില്‍ നിന്നുള്ള രണ്ടിനം മത്സ്യങ്ങളെ പരീക്ഷണശാലയില്‍ വളര്‍ത്തി നോക്കി. അങ്ങനെയാണ് അവയുടെ പൊടുന്നനെയുള്ള വളര്‍ച്ചയുടെ വിവരം മനസിലായത്.

മൊസാംബിക്കിലെ സാവന്നപ്രദേശത്ത് വര്‍ഷത്തിലൊരിക്കല്‍ മഴയത്ത് വെള്ളം കെട്ടിനില്‍ക്കുന്ന കുഴികളിലാണ് ഈ വര്‍ണമത്സ്യം പ്രത്യക്ഷപ്പെടുന്നത്.

കുഴികളില്‍ ചെളിയില്‍ പുതഞ്ഞുകിടക്കുന്ന മീന്‍മുട്ടകള്‍ മഴപെയ്ത് വെള്ളംനിറഞ്ഞാലുടന്‍ വിരിയുന്നു. മാസങ്ങള്‍ക്കുള്ളില്‍ കുഴിയിലെ വെള്ളം വറ്റും. അതിനുമുമ്പ് മത്സ്യങ്ങള്‍ക്ക് വളര്‍ച്ച പൂര്‍ത്തിയാക്കി ഇണചേര്‍ന്ന് മുട്ടയിട്ട് അടുത്ത തലമുറയ്ക്ക് വഴി തുറക്കണം.

പരിസ്ഥിതിയേല്‍പ്പിക്കുന്ന സമ്മര്‍ദ്ദങ്ങള്‍ക്കനുസരിച്ച് ഒരു ജീവിവര്‍ഗം പരിണമിക്കുന്നതിന് ഉദാഹണമാണ് ഈ വര്‍ണമത്സ്യത്തിന്റെ ജീവിതം.

രണ്ട് സ്പീഷിസില്‍പെട്ട ആഫ്രിക്കന്‍ മത്സ്യങ്ങളെയാണ് ( Nothobranchius kadleci, N. furzeri ) ഗവേഷകര്‍ പഠനവിധേയമാക്കിയത്. 17-18 ദിവസംകൊണ്ട് അവ ലൈംഗീകമായി പ്രായപൂര്‍ത്തിയാകുന്നുവെന്ന കണ്ടെത്തല്‍ തങ്ങളെ അത്ഭുതപ്പെടുത്തിയാതായി ഗവേഷകര്‍ പറയുന്നു.

ഈ മത്സ്യങ്ങളുടെ ജീവിതം വെറും ആറാഴ്ച കൊണ്ട് പൂര്‍ത്തിയാകുന്ന വിവരം 2003 ല്‍ രണ്ട് ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന്റെ ഒരു തുടര്‍പഠനമാണ് ചെക് ഗവേഷകര്‍ ഇപ്പോള്‍ നടത്തിയത്.

വേഗം ചാവുന്നുവെങ്കില്‍ വേഗം വളരുകയും വേണമല്ലോ. ഓരോ ദിവസവും മത്സ്യത്തിന്റെ നീളം കാല്‍പങ്ക് വീതം വര്‍ധിക്കുന്നതായി ചെക് ഗവേഷകര്‍ കണ്ടു,. 11 -13 ദിവസമകുമ്പോള്‍ തന്നെ ആണ്‍മത്സ്യങ്ങള്‍ക്ക് അവയുടെ നിറവും പകിട്ടുമെല്ലാം കിട്ടുന്നു. 17-18 ദിവസംകൊണ്ട് വളര്‍ച്ച പൂര്‍ത്തിയാകുന്നു.

പരീക്ഷണശാലയില്‍ വളര്‍ത്തുന്ന പെണ്ണെലികള്‍ക്കാണ് ഏറ്റവും വേഗത്തില്‍ വളര്‍ച്ച പൂര്‍ത്തിയാക്കുന്ന നട്ടെല്ലിയെന്ന റിക്കോര്‍ഡുണ്ടായിരുന്നത്. 23 ദിവസംകൊണ്ടാണ് അവ വളര്‍ച്ച പൂര്‍ത്തിയാക്കുന്നത്. ആ റിക്കോര്‍ഡ് തകര്‍ത്തിരിക്കുകയാണ് ആഫ്രിക്കന്‍ മത്സ്യങ്ങള്‍.
(കടപ്പാട് : മാതൃഭൂമി ദിനപ്പത്രം, സെപ്തം. 6, 2013. (നാഷണല്‍ ജ്യോഗ്രഫിക്))

SSLC നാലാമധ്യായം- മുന്‍പരീക്ഷാ ചോദ്യങ്ങള്‍


എസ്.എസ്.എല്‍.സി പരീക്ഷാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടത്തക്ക തരത്തില്‍ ജീവശാസ്ത്രം നാലാം അധ്യായവുമായി ബന്ധപ്പെട്ട മുന്‍പരീക്ഷാചോദ്യങ്ങള്‍ നല്‍കിയിരിക്കുന്നു. കുട്ടികള്‍ക്ക് ചോദ്യപ്പേപ്പര്‍ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുമല്ലോ.


ജീവശാസ്ത്രജാലകത്തില്‍ പ്രസിദ്ധീകരിക്കുന്നതിന് മാതൃകാ ചോദ്യപ്പേപ്പറുകള്‍ nisartr@gmail.com ല്‍ അയയ്ക്കുവാന്‍ താല്‍പര്യപ്പെടുന്നു.