Blogger Widgets

എസ്.എസ്.എല്‍.സി പരീക്ഷയില്‍ 94.17 ശതമാനം വിജയം

എസ്.എസ്.എല്‍.സി പരീക്ഷയില്‍ 94.17 ശതമാനം വിജയം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 0.53 ശതമാനത്തിന്റെ വര്‍ധനവ്. 4,79,085 പേര്‍ ഈ വര്‍ഷം പരീക്ഷ എഴുതിയതില്‍ 10,073 പേര്‍ എ പ്ലസ് നേടി. സംസ്ഥാനത്ത് 861 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ഇതില്‍ 274 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും 327 എണ്ണം എയ്ഡഡ് മേഖലയിലുമാണ്. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം. കുറവ് പാലക്കാടും. ഗ്രേസ് മാര്‍ക്ക് ലഭിച്ചത് 44,016 വിദ്യാര്‍ഥികള്‍ക്കാണ്. ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ച സ്‌കൂളുകള്‍ കോഴിക്കോട് ജില്ലയിലാണ്. വിദ്യാഭ്യാസ ജില്ല അടിസ്ഥാനത്തില്‍ ഉയര്‍ന്ന വിജയശതമാനം മൂവാറ്റുപുഴയിലാണ്.

സേ പരീക്ഷ മെയ് 13 മുതല്‍ 18 വരെ നടത്തും. സര്‍ട്ടിഫിക്കറ്റുകള്‍ മെയ് 15 മുതല്‍ വിതരണം ചെയ്യുമെന്ന് ഫലപ്രഖ്യാപനം നടത്തിക്കൊണ്ട് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു. ഉപരിപഠനത്തിന് അര്‍ഹത നേടിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്ലസ് പഠനത്തിന് സൗകര്യമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രൈവറ്റായി പരീക്ഷ എഴുതിയവരില്‍ 74.05 ആണ് വിജയശതമാനം. പ്രൈവറ്റ് മേഖലയില്‍ വിജയത്തില്‍ ഏഴ് ശതമാനത്തോളം കുറവുണ്ടായി.
(മാതൃഭൂമിയോട് കടപ്പാട്)

മാത്സ് ബ്ലോഗില്‍ നിന്നും എസ്.എസ്.എല്‍.സി റിസള്‍ട്ട് അനലൈസര്‍ 
മാത്സ് ബ്ലോഗിനെ പരിചയപ്പെടുത്തേണ്ടതില്ലല്ലോ. കേരളത്തിന്റെ വിദ്യാഭ്യാസമേഖലയില്‍ ഇത്രയേറെ സ്വാധീനം ചെലുത്തിയ ഇന്റര്‍നെറ്റ്/ ബ്ലോഗ് കൂട്ടായ്മ വേറെയില്ല. അതിശയോക്തിയില്ലാതെ പറയട്ടെ, വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട്, സൂര്യനുതാഴെയുള്ള എന്തും ലഭിക്കുന്ന സമ്പൂര്‍ണ്ണവെബ് പേജാണ് മാത്സ് ബ്ലോഗ്. ഈ എസ്.എസ്.എല്‍.സി പരീക്ഷയുടെ ഫലം പരിശോധിക്കുന്നതിനും അനലൈസ് ചെയ്യുന്നതിനും മാത്സ്ബ്ലോഗില്‍ വളരെ പ്രയോജനകരമാവുന്ന ഒരു സോഫ്റ്റ്‌വെയര്‍ നല്‍കിയിട്ടുണ്ട്. നിങ്ങളുടെ സ്കൂള്‍ കൂടാതെ പരിസരപ്രദേശങ്ങളിലെ ഇതരസ്കൂളുകളുടെ റിസള്‍ട്ടും പരിശോധിക്കുന്നതിന് സൗകര്യപ്രദമായ ഈ സേവനം പ്രയോജനപ്പെടുത്തൂ

മലയാളം വിക്കിപീഡിയയില്‍ 30000 ലേഖനങ്ങള്‍മലയാളം വിക്കിപീഡിയയില്‍ 30000 ലേഖനങ്ങള്‍ തികഞ്ഞിട്ട് ഒരാഴ്ചയായി. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ ജീവശാസ്ത്രജാലകം അഭിനന്ദിക്കുന്നു. നമ്മുടെ കുട്ടികള്‍ക്ക് നന്നായി വിവരശേഖരണം നടത്താനും വിജ്ഞാനം സമ്പാദിക്കാനുമുള്ള ഏറ്റവും എളുപ്പവും വിശ്വാസയോഗ്യവുമായ മാര്‍ഗ്ഗം മലയാളം വിക്കിപീഡിയയാണ്. വരുംകാലങ്ങളില്‍ മാതൃഭാഷ അന്യംനില്‍ക്കും എന്നുവിലപിക്കുന്ന സമൂഹത്തോട് അതിനുസാദ്ധ്യമല്ല എന്നുറപ്പിച്ചുകൊണ്ടാണ് വിദേശമലയാളികളായ സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍മാരും അവിദഗ്ദ്ധപ്രവര്‍ത്തകരും അധ്യാപകരും കുട്ടികളും വിക്കിപീഡിയയിലേയ്ക്കെത്തുന്നത്. 
എന്നാല്‍ നമ്മുടെ അധ്യാപകസമൂഹം ഈ വിവരശേഖരണോപാധിയെ എത്രമാത്രം ഉപയോഗപ്പെടുത്തുന്നുണ്ട്? കോളേജുകളിലും ഇതര ഗവേഷണസ്ഥാപനങ്ങളിലും ഇംഗ്ലീഷ് വിക്കിപീഡിയയെ മിക്ക പ്രവര്‍ത്തനങ്ങള്‍ക്കും ആശ്രയിക്കുമ്പോള്‍ തത്തുല്യവിവരങ്ങള്‍ സ്വന്തം ഭാഷയില്‍ ലഭിക്കുന്ന അവസരം പ്രയോജനപ്പെടുത്തുന്നതിന് നമ്മുടെ സ്കൂള്‍ സമൂഹം കുറേക്കൂടി താല്‍പര്യമെടുക്കേണ്ടതുണ്ട്. സ്വന്തം ഭാഷയില്‍ പഠിക്കുന്നതിന്റെ മേന്‍മകള്‍ എത്രയോ മഹാന്‍മാര്‍ സൂചിപ്പിച്ചിട്ടുണ്ട്! അതിനാല്‍ സ്കൂള്‍തലപഠനപദ്ധതിയുടെ ഭാഗമായി മലയാളം വിക്കിപീഡിയയെ പ്രയോജനപ്പെടുത്തുന്നതിന് നിര്‍ണ്ണായകമായ ചില മാര്‍ഗ്ഗങ്ങള്‍ ജീവശാസ്ത്രജാലകം അവതരിപ്പിക്കുന്നു. തുടര്‍ആഴ്ചകളില്‍ നിങ്ങള്‍ക്ക് ജീവശാസ്ത്രസംബന്ധിയായ വിക്കി ലേഖനങ്ങള്‍ ജീവശാസ്ത്രാധ്യയനവുമായി ബന്ധപ്പെട്ട് പരിചയപ്പെടുത്തുകയാണ്.

മലയാളം വിക്കിപീഡിയയിലേയ്ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്രവേശിക്കാം. 
വിക്കിപീഡിയയിലെ ജീവശാസ്ത്രം കവാടത്തിലേയ്ക്കുള്ള ലിങ്ക് ഇവിടെ. www.ml.wikipedia.org/wiki/കവാടം:ജീവശാസ്ത്രം